Monday, February 4, 2008

ഏകനായ്‌ നില്‍പ്പു ഞാന്‍ ...കവിത 3

നിശബ്ദമീ രാത്രിയില്‍ പൊഴിയുന്ന മഴയിലും
തേങ്ങലിന്‍ സ്വരമുണ്ട്‌ കാതോര്‍ത്ത്‌ കേള്‍പ്പു ഞാന്‍
തഴുകുമീ ലോലമാം കാറ്റിന്റെ കുളിര്‍മയിലും
നോവിന്റെ ചിലംബൊലി തിരിച്ചറിയുന്നു ഞാന്‍

വാടാത്ത പൂവിലും വിരിയാത്ത മൊട്ടിലും
നിലയ്ക്കാത്ത രോദനം പ്രതിധ്വനിക്കുന്നിപ്പൊഴും
ചിത ഒരുക്കുമീ ശ്മശാന മൂകതയിലും
ആശ നശിക്കാതൊരെന്‍ മനം അലയുന്നു

തേടിയ നാളതൊന്നിലും കാണാത്തൊരാമുഖം
പാടിയ പാട്ടൊന്നിലും ലയിക്കാത്തൊരാ സുഖം
വഴുതി വീഴുമീ ജീവനു വേണ്ടി ഇനി ഞാന്
‍എത്ര നാളിനിയും കാക്കണമെന്നറിയില്ലല്ലോ

പാതി അടഞ്ഞൊരെന്‍ മിഴികലില്‍ നിന്നും
അശ്രു തന്‍ കണിക ഇറ്റുവീഴില്ലിനി ഒരിക്കലും
ഇളകി മറിയുന്നൊരാ കടലിന്റെ രോഷവും
ശാന്തമാക്കുവാന്‍ കഴിയുമെന്‍ കരളിന്റെ തുടിപ്പിനു

ചുവന്ന സൂര്യന്റെ അവസാന കിരണങ്ങള്‍
ഭൂമിയെ തഴുകി യാത്ര പറയും പോല്‍
നയനങ്ങളില്‍ നിന്നകന്നു മറയും വരെ
ഈ വീഥിക്കരികില്‍ ഏകനായ്‌ നില്‍പ്പു ഞാന്‍ ...

1 comment:

Nesmel Hussain said...

നിധി കാക്കും ഭൂതത്താനും ഇതിന് തന്നെയാണ് കാത്ത് നില്ക്കുന്നത് എന്നോ വരുന്ന ഒരു നായകന്റെ കയ്യ് കൊണ്ടു ജീവിത ലക്ഷ്യം പൂര്ത്തികരിക്കാന് ...!!!