Sunday, March 23, 2008

ഗുരുവിനെ തേടി...കവിത 5

കൂരിരുള്‍ ചിമിഴിന്റെ നേര്‍ത്ത കരാങ്കുലീയം
പിന്നെയും മൂടിയെന്‍ കനവിന്റെ മഞ്ചം
ഒരുപാടു കാലം കഴിഞ്ഞിരിക്കുന്നൊരു
പാപത്തിന്‍ പങ്കു വാങ്ങി തിമിര്‍ക്കുവാന്‍
കാലാള്‍പ്പടയുടെ സൈന്യം കണക്കെ കാവലിനായി
വന്നൊരെന്‍ കിനാവിനെ അലട്ടവെ
പച്ച പുതപ്പിച്ചൊരെന്‍ ആത്മാവിന്‍ രോദനം
അലമുറി കൂട്ടുവാന്‍ തുടങ്ങുന്ന വേളയില്‍
തച്ചന്റെ കൈകളാല്‍ വീണൊരാ ഉളിയുടെ കോണില്‍
എവിടെയോ ചുടു രക്ത്ത്തിന്‍ കണിക ബാക്കി നില്‍ക്കുന്നു ഇപ്പോഴും...

കാലം മറയ്ക്കുന്ന മുറിവുകള്‍ മറക്കുവാന്‍
ഗിരി ശ്രിന്‍ക്ഖങ്ങള്‍ താണ്ടി ഞാന്‍ ഉയരങ്ങള്‍ കയറവേ
നിഴലാട്ടം കണക്കയെന്‍ പാതയോരത്തില്‍ നില്‍ക്കുന്ന
അവ്യക്തമാം രൂപത്തോടാരാഞ്ഞു ഞാന്‍ നിസ്വനം

"മുന്നോക്കം പോകുവാന്‍ വഴികളവ രണ്ടുണ്ട്‌ പൈതലേ
ചൊല്ലു നീ മടിക്കാതെ; ഇതില്‍ ഏതാണെന്‍
ഗുരു സന്നിധിയിലേക്കുള്ള മാര്‍ഗം"

മിന്നാ മിനുങ്ങിന്റെ നേര്‍ത്ത വെളിച്ചത്തില്‍
മിണ്ടാതെ നില്‍ക്കുന്ന ബാലനെ കണ്ടാകാം
കിളികളും വാ പൊത്തി; കാറ്റും നിലച്ചു.
അധികമാരും നടക്കാത്ത പാതയെ വെടിഞ്ഞവന്‍
ഇടത്തോട്ടു പോകുവാന്‍ മുദ്രയാല്‍ കാട്ടി
ഏതോ കിനാവിന്റെ മാസ്മര ശക്തിയില്‍
എല്ലാം മറന്നു ഞാന്‍ മുന്നോട്ട്‌ നീങ്ങവേ
പുഷ്പങ്ങളില്‍ തീര്‍ത്ത പരവതാനിയില്‍ എന്‍
പാദങ്ങള്‍ പുണരുന്ന നൈര്‍മല്യ സൗഖ്യം

ക്ലേഷങ്ങള്‍ എല്ലാം ഞൊടിയിടയില്‍ മറന്നു കൊണ്ടെങ്ങോ
തെളിക്കുന്ന വീഥിയില്‍ കൂടൊരുപാടു കാതങ്ങള്‍ പിന്നിട്ട രാത്രിയില്‍;
ക്ഷീണത്തിന്‍ കണിക തെല്ലുമില്ലെങ്കിലും
ഇടനെഞ്ചില്‍ എവിടെയോ അവ്യക്തമാം ഭീതി ജനിച്ചിരിക്കുന്നിപ്പൊഴാ
തണല്‍ മരം കണക്കേ വളര്‍ന്നു,പൂത്തു,കാച്ചു
നില്‍ക്കുന്നൊരാ പടുമരത്തിന്‍ ചോട്ടിള്‍ ഞാന്‍ നിന്നു തെല്ലു നേരം
കൈയ്യെത്തും ദൂരത്തതാ തുടുത്ത മാംബഴം പോലൊരു
ഫലം കൈ കൊട്ടി എന്റെ നേര്‍ വിരുന്നുണ്ണാന്‍ എന്ന പോല്‍

കാണുന്നതെല്ലാം ആനന്ദ ദായകം;കേള്‍ക്കുന്നതെല്ലാം ശ്രുതി താളവൃന്ദം
എങ്ങനെ വര്‍ണിപ്പു ഞാന്‍ അനുഭവിച്ചറിഞ്ഞൊരാ
സൗഖ്യത്തിന്‍ പരമ രസാനുഭാവകം
അരുതരുത്‌ എന്നൊരശരീരി കാതില്‍ മുഴങ്ങവേ
ചുറ്റും മിഴി പൂണ്ടു നോക്കി ഞാന്‍ അരനാഴിക നേരം
മറ്റാരുമല്ല അതെന്‍ മിഥ്യയെന്നു സ്വയം ചിന്തിച്ചാ
സ്വപ്ന സാമ്രാജ്യ ലോകത്തെ അധിപനായി നിലകൊണ്ടു

കരിയിലകള്‍ ഇടറുമാര്‍ ശബ്ദത്തെ ശ്രവിച്ചു ഞാന്‍
തത്ക്ഷണം പിന്നോക്കം ഞെട്ടി തിരിയവേ
വഴിയോരത്തിലെ വഴികാട്ടിയാം പൈതലെന്‍ തൊട്ടു
പിന്നാലെ നില്‍ക്കുന്ന കാഴ്ച്ചയെന്‍
മറഞ്ഞിരുന്നൊരാ ഭീതിയെ വിളിച്ചുണര്‍ത്തി അപ്പോഴാ

"ഞാനാണു നിന്‍ തുണ സന്തത സഹചാരി;
കാര്യകര്‍മ്മി;എന്‍ ചിന്തകള്‍ നിന്നുടെ വാക്കുകള്‍;
എന്‍ ചലനങ്ങള്‍ നിന്നുടെ വാക്കുകള്‍;
എന്‍ ചലനങ്ങള്‍ നിന്നുടെ കര്‍മ്മങ്ങള്‍
കാണുന്നു ലോകം നീ എന്‍ കണ്‍കള്‍ കൊണ്ടു
കേള്‍ക്കുന്നു പാപം നീ എന്‍ കാതു കൊണ്ടു
അഹം എന്ന ഭാവത്തെ ഉയര്‍ത്തി പിടിപ്പു ഞാന്‍
അധികാരമാണെന്റെ പാന പാത്രം;
എന്നില്‍ നീ കാണുന്നു നിന്നെ തന്നെ; ഞാനാണു മിഥ്യ"

പൈതലിന്‍ വാക്കുകള്‍ ശീത്ക്കാരമെന്ന പോല്‍
കാതോര്‍ത്തു കേട്ടു ഞാന്‍ നടുങ്ങി നിന്നു
എന്‍ അന്തരാത്മാവിനെ കാര്‍ന്നു തിന്നുന്നൊരാ മിഥ്യ
എന്നു പേരുള്ള പൈതലെ നോക്കി ഞാന്‍
രണാങ്കണത്തില്‍ വിജയശ്രീലാളിതനായി പരബ്രഹ്മം
കണക്കയെന്‍ മുന്നില്‍ നില കൊണ്ടൊരാ
അസുരനെ തിരിച്ചറിയുവാന്‍ വൈകിയതെന്തു?

ഇടനെഞ്ചിലെ സ്വരം തെല്ലുമില്ലാതെയായി
എന്‍ കരങ്ങള്‍ക്കു ബലവും ക്ഷണികമെന്നോണമായി
പുഷ്പങ്ങള്‍ വിരിച്ച പരവതാനിയില്‍
മുള്ളുകള്‍ മെല്ലെ പൊന്തി തുടങ്ങിയോ?
പടുക്കൂറ്റന്‍ വൃക്ഷത്തിന്‍ ശാഖയില്‍ തൂങ്ങുമാ
പഴമതു കരിങ്കല്ലു കട്ടയായി മാറി കഴിഞ്ഞുവോ?
ശാപത്തിന്‍ വാക്കുകള്‍;തേങ്ങലിന്‍ രോദനം മാത്രം
പ്രതിധ്വനിക്കുന്നിപ്പൊഴെന്‍ കര്‍ണത്തില്‍ നിരന്തരം

പാതകള്‍ രണ്ടുണ്ടായിരുന്നു എനിക്കന്നു മുന്നിലായി
തിന്മകള്‍ നിറഞ്ഞൊരെന്‍ മനസ്സിന്റെ മിഥ്യയാല്‍
പാപത്തിന്‍ വഴിയിലൂടായിരുന്നെന്‍ പ്രവാസം
സത്യത്തെ പാടെ ഉപേക്ഷിച്ചു; ഹോമിച്ചു;
ആ ദിശയിലോട്ടൊരിക്കല്‍ പോലും നേത്രങ്ങള്‍ കടാക്ഷിച്ചില്ല
എങ്കിലും എന്‍ ഇടനെഞ്ചില്‍ സത്യത്തിന്‍ ധ്വനി
മുഴങ്ങുന്നതറിഞ്ഞിട്ടും സത്യത്തെ മിഥ്യ എന്നു കരുതി ഞാന്‍ മുന്നോക്കം പാഞ്ഞു പോയി

ആയിരം കാതം മുന്നൊട്ട്‌ വന്നു പോയി;ഇനി ആകുമോ
ആദ്യം മുതല്‍ ഒന്നൂടെ തുടങ്ങുവാന്‍?
കരുത്തുണ്ടു;മനസ്സുണ്ടു;കരളിന്റെ തുടിപ്പുണ്ടു
അര്‍ധമായി നശിച്ചൊരെന്‍ മനസ്സിന്റെ നന്മയ്ക്കു

പിന്‍ തിരിഞ്ഞോടി ഞാന്‍ മിഥ്യ തന്‍ രാജധാനിയില്‍ നിന്നും
മുള്ളുകള്‍ തുളയ്ക്കുമെന്‍ പാദങ്ങള്‍ രണ്ടും
നിണമയമായി കുതിര്‍ന്നു പോയി
ബന്ധിച്ച ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞു കൊണ്ടാ ഇരുളിന്റെ ലോകത്തെ വിട്ടു ഞാന്‍ കുതിക്കവേ..
അങ്ങു ദൂരെ നിന്നൊരു തരി വെളിച്ചത്തിന്‍ പ്രഭ
എന്നെയും കാത്ത്‌ കൊണ്ടെരിയുന്നതു പോലെ
കാണുകയില്ല ഞാന്‍ ഇനിയും രണ ഭൂമി
കേള്‍ക്കുകയില്ല ഞാന്‍ ഇനിയും ശാപത്തിന്‍ പൈശാച വാക്കുകള്‍
രണ്ടു കൈകളും നീട്ടിയാ വെളിച്ചത്തെ വണങ്ങവെ

ഒടുവിലെന്‍ ഗുരുവിന്റെ സന്നിധിയിലെത്തി ഞാന്‍ നില്‍ക്കവേ
ആരാണെന്‍ ഗുരുവെന്നറിയു നീ സോദരാ
ഈശന്റെ നാമത്താല്‍ വളരുന്ന സത്യം!!!

1 comment:

Nesmel Hussain said...

ഗുരോ നമോവാകം
അടിയനേം കൂടി അങ്ങയുടെ ശിഷ്യ ഗണത്തില് കൂട്ടേണമേ ...!