Sunday, March 23, 2008

അസ്ഥിത്തറ..കവിത 6

ആരു നീ എന്‍ ആത്മാവിനെ കാര്‍ന്നു തിന്നുന്നൊരീ രൂക്ഷമാം കാറ്റിന്റെ മൂകസാക്ഷിത്വത്തില്‍ അലറിയെന്‍ മനം
എവിടെ മറഞ്ഞിരുന്നു കൊണ്ടെന്നോ മറന്നകന്ന വാക്കുകള്‍ ഗൂഢമായി അസ്ത്രങ്ങള്‍ തൊടുത്തുവോ നിന്‍ കാതില്‍ വീണ്ടും?
ഞെട്ടി എണീറ്റു ഞാന്‍ രാത്രിതന്‍ മൂകതയില്‍ കാളസര്‍പ്പം കണക്കെയെന്‍ കാലുകളില്‍ ചുഴിഞ്ഞു കയറുന്ന തണുപ്പിന്റെ നീറ്റലില്‍
വീണ്ടുമാ സ്വപ്നത്തെ ഓര്‍ത്തെടുക്കുവാന്‍ ഭീതി പൂണ്ടു നിശ്ചലനായി കിടക്കവേ;
തോര്‍ന്നകന്ന മഴയുടെ ബാക്കി പത്രം പോലെവിടെയോ ഇറ്റിറ്റ്‌ വീഴുന്ന ജലകണിക തന്‍ ശബ്ദത്തെ ശ്രവിച്ചു ഞാന്‍ തെല്ലു നേരം

പലവട്ടം ഇമവെട്ടും നേരമതൊന്നിലെപ്പൊഴെക്കയോ മനസ്സിന്റെ അകത്തട്ടില്‍ മൂകമായി ഉറങ്ങുന്ന ഭീതിയെന്തു?
നാളേറെയായി നിശയുടെ ഏഴാം യാമത്തില്‍ പതിവു പോല്‍ തൊണ്ട വരണ്ടിരിക്കുന്നിപ്പൊഴും
പിടയുന്ന വേദന തൊട്ടറിയുവാന്‍ കഴിയുന്നുണ്ടെന്‍ കരങ്ങള്‍ക്കു ബലക്ഷയം മെല്ലെ തോന്നി തുടങ്ങിയോ?
സിരകളില്‍ നുരയുന്ന ഭിതിതന്‍ പ്രവാഹത്തിലെന്‍ ഹൃത്തിന്റെ സ്പന്ദനം നിലയ്ക്കുവാന്‍ വെംബുന്നു
പലമുറി നിദ്ര തന്‍ സ്വര്‍ഗത്തെ പ്രാപിക്കുവാന്‍ നയനങ്ങളയച്ച രോദനം പകുതി ദൂരത്തെവിടേയോ എരിഞ്ഞമര്‍ന്നു വീണ്ടും...

നേരം പുലരുവോളം ചിന്തകള്‍ മുഴുവനും നേരറിയുവാനായി അലഞ്ഞലസമായി കുഴഞ്ഞു വീണു
രാത്രിതന്‍ അവസാന യാമവും പൊഴിഞ്ഞു പോയി എങ്കിലും ഇനിയും അന്ധകാരത്തിലെവിടെയോ തപമാണെന്‍ മനം...
ദിഗന്ധങ്ങള്‍ പൊട്ടുമാറലറി വിളിച്ചു കൊണ്ട്‌ കലികയറി കോമരമാടും ചണ്ടാലക്കൂട്ടം
ചികഞ്ഞിട്ടും;കുഴിഞ്ഞിട്ടും കണ്ടുകിട്ടാത്തൊരാ സത്യമിതാ ഒരു കാള കൂഢ വിശമായെന്‍ തൊണ്ടയില്‍ കുരുങ്ങുന്നു
ഛിദ്ര ശക്തികളെവിടെയോ ഇരിന്നുകൊണ്ടെന്‍ നേരെ അഴിച്ചു വിട്ടൊരാ ചാത്തന്റെ ചിലംബലും ചീവീടിന്‍ ചീറ്റലും

കരളിന്റെ നീറ്റലില്‍ കരുണപൂണ്ടെന്നോണം കരയുന്ന കണ്ണിലേക്കെപ്പൊഴോ നിദ്ര തന്‍ വള്ളം കരയ്ക്കടുപ്പിച്ചു
കാടുകള്‍;മേടുകള്‍ താണ്ടി മുള്ളുകള്‍ ചവിട്ടിയരച്ചു പോം പാതയില്‍ എന്‍ യാത്രയെ ഓര്‍മിക്കുവാന്‍ നിണമതു പൊടിയുന്നുവോ?
ഏതോ ശക്തിയാല്‍ മുന്നോട്ട്‌ പാഞ്ഞു പോകുംബോഴും വ്യക്തമായി കേള്‍ക്കാമെന്‍ ഹൃദയത്തിന്‍ തുടിപ്പില്‍ ആ നിലവിളി
കൂറ്റനാം മതില്‍ കെട്ടിനകത്തെത്തി ഞാന്‍ നില്‍ക്കവേ മാന്ദ്രിക ശക്തിയാല്‍ എന്‍ പാദങ്ങള്‍ മുന്നോട്ടു തനിയേ ചലിക്കവേ
ചുടു രക്തത്തിന്‍ ഗന്ധം തളം കെട്ടി നില്‍ക്കുമീ മണ്ണേതോ രണഭൂമി പോല്‍ തോന്നിയെന്‍ സ്വപ്നത്തിലപ്പോഴും

പാദങ്ങള്‍ നയിക്കുന്ന വഴികളിലൂടൊരുപാടു ദൂരം നടന്നു ഞാന്‍ നീങ്ങവേ
ഉള്ളിലെ ഭീതി മാറി തുടങ്ങിയോ അതോ മരവിച്ചു പോയുവോ ഞാന്‍ എന്ന സര്‍വ്വം
എന്റെ ഗുരുവിന്റെ അസ്ഥിത്തറയ്ക്കു മുന്നിലായി നില്‍പ്പു ഞാന്‍ മനസ്സിന്റെ ഭാരം പാടെ ഉപേക്ഷിച്ചു
അവസാന തുള്ളി ദാഹജലമെന്‍ കൈകള്‍ കൊണ്ടിറ്റു വാങ്ങി കുടിക്കുവാന്‍ മോഹിച്ച വേളയില്‍; കാതങ്ങള്‍ ദൂരെവിടെയോ സപ്രമഞ്ജത്തിന്‍ സൗഖ്യത്തില്‍ ഞാന്‍ മുഴുകി കിടന്നു പോയി..
നടുക്കത്തോടിമകള്‍ തുറന്നു ഞാന്‍ നോക്കി തെല്ലു നേരം; സ്വപ്നത്തില്‍ കേട്ടതെന്‍ ഗുരുവിന്റെ രോദനം;
കാണ്‍പതോ അസ്ഥിത്തറയും...

1 comment:

Nesmel Hussain said...

അന്ധകാരത്തിലെവിടെയോ തപമാണെന്‍ മനം... ഇതു പിടികിട്ടിയില്ല

ന്നാലും സ്സലായിട്ട്ണ്ടിട്ടാ...
ഭീതിയില് കുളിപ്പിച്ചു നിര്ത്തി...!